പൊൻകുന്നം: ടൗണിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് എതിർവശത്ത് ദേശീയപാതയോരത്ത് രൂപപ്പെട്ട കുഴി യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിക്ക് ഇപ്പോൾ അരയടി താഴ്ചയുണ്ട്.
ബസ് സ്റ്റാൻഡിൽ നിന്ന് യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതിനും ബസിൽ കയറുന്നതിനുമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഗത്താണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. മഴവെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴിയുടെ ആഴം തിരിച്ചറിയാൻ കഴിയാത്തതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. ഓടിവരുന്നതിനിടെ പലരുടെയും കാൽ കുഴിയിൽ പതിച്ച് ദേശീയപാതയിലേക്ക് വീഴുന്നത് പതിവായിരിക്കുകയാണ്. തിരക്കേറിയ റോഡായതിനാൽ ഇത്തരത്തിൽ വീഴുന്നവർ വാഹനങ്ങൾക്കടിയിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
അപകടസാധ്യത ചൂണ്ടിക്കാട്ടി പ്രദേശത്തെ വ്യാപാരികൾ പലതവണ ദേശീയപാത അധികൃതർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകിയെങ്കിലും ഇതുവരെ പരിഹാരനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുഴി അടച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആവശ്യം